വാഴ്ത്തപ്പെട്ടവൾ

‘എന്താ പറ്റിയേ ?”

കിളവി താരയോടന്വേഷിച്ചു. അവൾ മുഖം ചുളിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. വീണ്ടും കിളവി ചോദിച്ചപ്പോൾ, അടുക്കളയിൽ തിട്ടപുറത്തിരുന്ന പാത്രം അവൾ സിങ്കിലേക്ക് വലിച്ചെറിഞ്ഞു.

“ഉച്ചക്ക് വച്ച മീൻകറിയിലെ മീനയാളെ എഴുന്നേറ്റു നിന്ന് ‘സല്യൂട്ട്’ ചെയ്തില്ലത്രേ!” അവൾ തിരിഞ്ഞു നോക്കാതെ പാത്രങ്ങൾ പട പാടാണ് അങ്ങോട്ടും ഇങ്ങോട്ടും വലിച്ചെറിഞ്ഞു കൊണ്ടിരുന്നു.

“അതിനാ പാത്രങ്ങളെന്തു പിഴച്ചു, എന്റെ കുട്ടീ?”

പല്ലില്ലാത്ത വാ പിളർന്നവർ ചിരിച്ചു. തലയിലേക്ക് രക്തം ഇരമ്പി കയറുന്നത് പോലെ അവൾക്കു തോന്നി. തള്ളയെ അങ്ങ് കൊന്നാലോ?

എന്നെ കൊന്നു കളയാൻ തൊന്നണൊണ്ടല്ലേ? അവൾ ഒന്നും മിണ്ടിയില്ല. കിളവി കസേരയിൽ നിന്നും ഒരു വിധം പണിപെട്ടെന്നെഴുന്നേട്ട് അവളുടെ അടുത്തേക്ക് ചെന്നു. “വീട്ടിന്റെ വിളക്ക് എന്നിട്ടെന്തു പറഞ്ഞു?” അവൾ അവരെ ഇരുത്തി നോക്കി. “ഒന്നും പറഞ്ഞില്ല്യാലെ?” കിളവിക്ക് വേറെ ജോലിയൊന്നുമില്ലേ എന്ന് പിറുപിറുത്തു അവൾ പുറത്തേക്കു പോയി.

“സ്വയം എരിഞ്ഞുതീരുമ്പോഴും ചിരിക്കും. വെളിച്ചം തരുന്ന വിളക്കാത്രേ!” തുണി മടക്കാൻ തുടങ്ങുകയായിരുന്ന താരയെയും നോക്കി അവർ കട്ടിലിന്മേൽ ഇരുന്നു. അതൊക്കെ സുഖിപ്പിക്കാൻ പറയണതാ എന്റെ കുട്ട്യേ!” മുഖം കടുപ്പതിലായിരുന്നെങ്കിലും അവളുടെ കണ്ണുകളിലെ മൂടൽ അവര്ക്ക് കാണാമായിരുന്നു.”ഈ ഉമ്മറത്ത്‌ എരിഞ്ഞു തീരാനാണോ നിന്റെ ഉദ്ദേശം?”

മടക്കി കൊണ്ടിരുന്ന കുപ്പായം വാങ്ങി ദൂരെക്കെറിഞ്ഞിട്ടു അവർ അവളെ പിടിച്ചടുതിരുത്തി. “നഷ്ടം വിളക്കിനു മാത്രമാണ്. ആർക്കോ വേണ്ടി എരിഞ്ഞു തീർന്നു കഴിയുമ്പോ പിന്നെ ആർക്കും വേണ്ട. ക്ലാവ് പിടിച്ചു നശിക്കും! ഇല്ലേ കുട്ടിയെ?”

അനുഭവങ്ങൾ കടഞ്ഞെടുത്ത അറിവാണ്. അത് എതിർത്ത് എന്ത് പറയാനാണ്? അവൾ തലകുനിച്ചിരുന്നു.

“നിനക്ക് പഠിപ്പൊക്കെ ഉള്ളതല്ലേ കുട്ടിയെ? നിനക്കൊരു ജോലിക്ക് പോക്കൂടെ?”

കൂട്ടുകാർ പലതും ചോദിച്ച ചോദ്യമാണിത്. ഉത്തരം എല്ലായ്പ്പോഴും ഒന്ന് തന്നെയായിരുന്നു. പുള്ളിക്കാരനിഷ്ടമല്ല. വീട് നോക്കാനാരുമില്ല. പിള്ളേരുടെ കാര്യമൊക്കെ എങ്ങനെ?

നീ അവനോടു ചോദിച്ചിട്ടില്ലേ?

ഉം….

ആ ചോദിച്ച ചോദ്യത്തിന് കിട്ടിയ ഉത്തരമാണല്ലോ കാണാപാഠം പഠിച്ചു ആര് ചോദിച്ചാലും ഇമവെട്ടാതെ ആവർത്തിക്കുന്നത്; അവൾ ഓർത്തു.

‘വാശിയാണല്ലേ?’ അവർ നെടുവീർപിട്ടു. “ഭർത്താവിനോടുള്ള കടമകളെല്ലാം കൊള്ളാം! പക്ഷെ നിനക്ക് ജീവനും, ആരോഗ്യവും, വിവേചന ബുദ്ധിയുമൊക്കെ തന്ന ദൈവതിന്നൊരപമാനമാണ്! ങ്ഹാ….”

നീണ്ട ഒരു നെടുവീർപ്പോടെ അവർ കട്ടിൽ താങ്ങി എഴുന്നേറ്റു. വയ്യാത്ത കാലും വലിച്ചു വച്ചവർ ഏന്തി ഏന്തി പുറത്തേക്കു പോയി.

“ചായക്കെന്താ ഉണ്ടാക്കുക?”അകത്തു നിന്നും അയാളുടെ അമ്മ പരിഭവപ്പെടുന്നതു കേട്ടവൾ അടുക്കളയിലേക്കു ചെന്നു. അമ്മാമ്മ ഒരു മൂലക്കിരുന്നു പുസ്തകം വായിക്കുകയായിരുന്നു. അവരുടെ അടുക്കൽ ചെന്നവൾ ചോദിച്ചു.

“അന്നൊക്കെ പെണ്കുട്ടികളെ എഴുത്തും വായനയും പഠിപ്പിക്കുവോ?”

അവർ പല്ലില്ലാത്ത മോണ  കാട്ടി വീണ്ടും ചിരിച്ചു. “ഒരു കൂട്ടുകാരൻ പഠിപ്പിച്ചതാ”
“കൂട്ടുകാരനോ?”
“അച്ഛന്റെ കൂടുകാരന്റെ മകൻ. ഒടുക്കം വായന കൂടിയപ്പോ അച്ഛൻ പിടിച്ചു കെട്ടിച്ചു.”
“നീയമ്മയുടെ പുന്നാരം കേട്ടോണ്ട്‌ നിക്കാതെ ആ ചായയെടുത്തു അച്ഛന് കൊണ്ട് കൊടുത്തേ.
“അമ്മ കൊണ്ട് കൊടുത്താ മതി”
അമ്പരന്നു നില്ക്കുന്ന അമ്മയെ നോക്കാതെ , അടുപ്പത്ത് നിന്നും ചായ വാങ്ങി അതിൽ നിന്നും ഒരു ഗ്ലാസ്‌ ചായ അമ്മാമ്മക്ക് ഒഴിച്ച് കൊടുത്തതിനു ശേഷം അവൾ അയാളുടെ അടുക്കലേയ്ക്ക് പോയി.
“എനിക്കെന്തെകിലും പണിക്കു പോണം.”
ഉറങ്ങി കിടന്ന അയാള് ചിരിച്ചു കൊണ്ടെഴുന്നേറ്റു. അവളെ അരികിൽ വിളിച്ചിരുത്തി, അവളുടെ മുടി തഴുകി കൊണ്ട് ചോദിച്ചു “നിനക്കെന്തിന്റെയെങ്കിലും കുറവുണ്ടോ?”
ഉണ്ട്. ചങ്കൂറ്റം, സ്വാതന്ത്ര്യം, സ്വയം പര്യാപ്തത…. ബഹുമാനം!
“ഇല്ല, പക്ഷെ ഞാൻ കുറെ പഠിച്ചതല്ലേ?”
“മക്കളുടെ കാര്യം?”
“അവരൊക്കെ വലുതായില്ലെ?”

പതിവിലും നീണ്ടു ആ സംവാദം. അസ്ത്രങ്ങൾ ഓരോന്നായി അയാള് പുറത്തെടുത്തു. മുൻപെങ്ങും കാണിച്ചിട്ടില്ലാത്ത, അയാൾ കണ്ടിട്ടില്ലാത്ത ശൌര്യതോടും ലാഘവതോടും അവൾ ആ അസ്ത്രങ്ങൾ തടുത്തു. ഒടുവിൽ ആവനാഴി ഒഴിഞ്ഞപ്പോൾ ‘വേണ്ട എന്ന് പറഞ്ഞില്ലേ?” എന്നുള്ള ആക്രോശത്തോട്‌ കൂടി അയാൾ പുറത്തേക്കിറങ്ങി പോയി.

പെട്ടിയുമായി ഊണുമുറിയിലെത്തിയപ്പോൾ എല്ലാരും ചായ കുടിക്കുന്ന തിരക്കിലായിരുന്നു. അവൾ പെട്ടി ഒരു വശത്തേക്ക് നീക്കി വച്ച്, കസേര വലിച്ചിട്ടിരുന്നു. അവർക്കപരിചിതമായ ലഘവത്തോട് കൂടി, അവൾ അയാളുടെ ചായ തന്റെ അടുത്തേക്ക് നീക്കി. പ്ലേറ്റിലിരുന്ന ബിസ്കറ്റ് എടുത്തു ചായയിൽ മുക്കി ഒരു ഭാവഭേദവുമില്ലാതെ കഴിച്ചു തുടങ്ങി.

“എന്താണ് പെട്ടിയൊക്കെയായിട്ടു?” അയാൾ ഒരു ചിരിയോടു കൂടി ചോദിച്ചു. “പിണങ്ങിയോ എന്റെ ഭാര്യ?”

അവൾ ബിസ്കറ്റ് കൊവുരുന്നതും നോക്കി ചിരിച്ചു.

“നീയകത്തെന്നൊരു ചായ ഇങ്ങെടുത്തേ.”

“സ്വയം എടുത്തൂടെ?”
അയാളുടെ അമ്മയും അച്ഛനും അമ്പരപ്പോടെ നോക്കുന്നത് കണ്കോണിലൂടെ അവൾ കണ്ടു. ചായ കുടി മുഴുമിപ്പിചവളെനീറ്റു. “പിള്ളേരോട് ഞാൻ പറഞ്ഞിട്ടുണ്ട്. പത്തു പതിനഞ്ചു വയസ്സായില്ലേ? ഞാൻ പറഞ്ഞതവർക്ക് മനസ്സിലായി കാണും.”
അവൾ എഴുന്നേറ്റു സാരി നേരെയാക്കുന്നതിന്നിടയിൽ പ്രത്യേകിചാരോടുമല്ലാതെ എന്നവണ്ണം പറഞ്ഞു. “ഞാൻ പോവുകയാണ്, എന്റെ വീട്ടിലേക്ക്. ഒരു ജോലി നോക്കണം. ജീവിതത്തിൽ ഒരിക്കലെങ്കിലും സ്വന്തം കാലിൽ നില്ക്കണം.”
“അതല്ലല്ലോ…” അയാളുടെ അച്ഛന്റെ വാക്യം മുഴുമിപ്പിച്ചു കൊണ്ടവൾ തുടർന്നു “നാട്ടുനടപ്പ്, അല്ലെ? നാട്ടുനടപ്പന്വേഷിക്കാൻ ഇപ്പോൾ സമയമില്ല. എന്റെ വീടും മാതാപിതാക്കളും അന്തസ്സും ഒക്കെ മറ്റുള്ളവരുടെ മുന്നിൽ വെറും വിലയില്ലാത്ത ഘടകങ്ങൾ ആണെങ്കിൽ, അവയ്ക്ക് നിങ്ങളുടെയെല്ലാം വിചാരങ്ങൾക്കും അഭിലാഷങ്ങൾക്കും മുന്നിൽ അവസാനത്തെ സ്ഥാനമാണെങ്കിൽ ആ നാട്ടുനടപ്പ് എനിക്ക് വേണ്ട. ഭ്രഷ്ടായിക്കോട്ടേ!”
അടിക്കാനെന്നവണ്ണം അയാൾ ചാടി എഴുന്നേറ്റു. അവൾ ഒരടി പോലും പിന്നോട്ട് മാറാതെ നിന്നടുത്തു തന്നെ നിന്നു.
“വെറുതെ ചാടിയുളുക്കി അമ്മയ്ക്ക് പണിയുണ്ടാക്കണ്ട”
പെട്ടിയുമെടുത്ത് അവൾ പുറത്തേക്കു നടന്നു. “അപ്പോൾ ഞാനിറങ്ങട്ടെ”
“നിന്നെ ഞാൻ വന്നു കൂട്ടിക്കൊണ്ടു വരുമെന്ന് നീ വിചാരിക്കണ്ട.” അയാൾ അവളുടെ പിറകിൽ  നിന്നും വിളിച്ചു പറഞ്ഞു.”മേലാൽ ഇനി ഈ പടി ചവിട്ടരുത്”
“അത് തന്നെയാണ് എന്റെ ആഗ്രഹവും”
“വെളിവുണ്ടാവും. അന്ന് നീ വിളിക്ക്”
“അത് തന്നെയാണ് എനിക്കും പറയാനുള്ളത്. വെളിവുണ്ടാവുമെങ്കിൽ വിളിക്കു. ഇപ്പൊ ഞാൻ പോട്ടെ”അവസാനമായി ഒരിക്കൽ കൂടി തിരിഞ്ഞവൾ എല്ലാവരോടുമായി യാത്ര ചോദിച്ചു. “ചായ ഇയാൾക്കുണ്ടല്ലോ, അല്ലെ?”

“ഇല്ലെങ്കിൽ ഇട്ടു കുടിചോളും” എല്ലാം കണ്ടു കൊണ്ടിരുന്ന കിളവി ഇരുന്നിടത്ത് നിന്നും എണീക്കാതെ പറഞ്ഞു.”അവസാനം ബുദ്ധി തെളിഞ്ഞു, ഇല്ലേ?പുഛമായിരുന്നല്ലോ എന്നെ?”
“നിങ്ങള്കെന്താ കിളവി വട്ടാണോ?” അയാളുടെ അമ്മ അവരെ ശകാരിക്കുന്നതും കേട്ടവൾ പുറത്തേക്കു നടന്നു. വീടിന്റെ ഗേറ്റ് തുറന്നു പുറത്തോട്ടിറന്ഗുമ്പോഴും കിളവിയുടെ ചിരി അവൾക്കു കേൾക്കാമായിരുന്നു. അതിന്റെ പ്രതിച്ഛായ എന്നവണ്ണം അവളുടെ മുഖത്തും ഒരു ചിരി വിടര്ന്നു നിന്നിരുന്നു

 

Advertisements