സ്ത്രീയുടെ സ്വയം പര്യാപ്തതയും ‘ചില’ മലയാളീ സഹോദരങ്ങളും – ഒരു facebook ചരിതം

“സ്ത്രീകൾ സ്വന്തം കാലിൽ നിൽക്കണം.”

ക്ഷമിക്കണം, പറഞ്ഞതാരാനെന്നോ, പത്രം ഏതാണെന്നോ എനിക്കൊർമയില്ല. എന്തായാലും അന്നത്തെ ആ വാർത്ത പോസ്റ്റിൽ കമന്റ്സ് ഒരുപാടായിരുന്നു. അതിൽ ഒരു സഹോദരന്റെ അഭിപ്രായം, അതാണ്‌ ഈ ബ്ലോഗ്ഗിനുള്ള പ്രചോദനം. അദ്ദേഹത്തിന്റെ ഹൃദയസ്പർശിയായ വാക്കുക്കൾ ഇതാ:

“ഇതിന്റെ കുറവേയുള്ളൂ. ഇവൾക്കൊക്കെ ജോലി കിട്ടി കഴിയുമ്പോഴാണ് എന്തുമാവാം എന്നൊരു തോന്നൽ വരുന്നത്. അല്ലെങ്കിൽ അടങ്ങിയൊതുങ്ങി വീട്ടിൽ കിടന്നോളും.”

കേരളത്തിലെ വിദ്യാഭ്യാസം കൂടിപ്പോയ കുറച്ചു സഹോദരന്മാർക്ക് ആ കമെന്റങ്ങ് നന്നേ ബോധിച്ചു. ആണ്കൊയ്മയുടെ മസീഹ ലൈക്ക്കളാൽ വാഴ്തപെട്ടു. അദ്ദേഹത്തിന്റെ അഭിപ്രായത്തെ മാനിച്ചു കൊണ്ട് സഹോദരന്മാർ ഒരുപാട് കാര്യങ്ങൾ അവിടെ ചർച്ച ചെയ്യുകയുണ്ടായി – അവരുടെ ഭാര്യമാരെക്കുരിച്ചും, അവർ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന പെണ്‍കുട്ടികളെ കുറിച്ചുമൊക്കെ. ഇപ്പറഞ്ഞ സഹോദരന്മാരക്ക് വേണ്ടി അവർ പറഞ്ഞ കാര്യങ്ങൾ ഉള്പെടുത്തി ഞാനൊരു വിവാഹപരസ്യം തയ്യാറാക്കി. അത് താഴെ ചേർക്കുന്നു.

വിവരം സാധാരണയിലും കുറവാണെങ്കിലും വിദ്യാഭ്യാസം ആവശ്യത്തിലും കൂടുതലുണ്ട്.എന്നാൽ പ്രോഡക്ടിനു അത്ര വിദ്യാഭ്യാസം ഇല്ലെങ്കിലും കുഴപ്പമില്ല. എന്നാൽ ഒരുപാട് കുറയണ്ട. പന്ത്രണ്ടാം ക്ലാസ്സ്‌ ധാരാളം. കൂടിയാലും പ്രശ്നമില്ല. പക്ഷെ പഠിത്തം കൂടുംബോൾ ജോലി കിട്ടാനും ജോലിക്ക് പോകാനുമുള്ള സാധ്യത കൂടുതലായതിനാൽ അത്തരത്തിലുള്ള പ്രോടക്ട്സ് പ്രിഫർ ചെയ്യുന്നില്ല. വിവാഹത്തിന് ശേഷം ഭർത്താവിനെ അനുസരിക്കുകയും അഹങ്കാരം, തന്റേടം എന്നിവ പൂര്ണമായും ഉപേക്ഷിക്കുകയും വേണം. ഇപ്പറഞ്ഞ സാധനങ്ങൾ വളർത്തുന്നത് ഒരു ജോലിയുണ്ട് എന്ന തോന്നലായത് കൊണ്ട് പ്രോഡക്റ്റ് ജോലിക്ക് പോകുന്നത് നിർബന്ധമായും നിരോധിച്ചിരിക്കുന്നു. താത്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന കരാർ വായിചൊപ്പിഡേൻടതാണ്.

നിശ്ചയ പത്രം:

പത്തിരുപതു കൊല്ലം സ്വതന്ത്രമായ മനസ്സും ശരീരവുമായി വളർന്ന ഞാൻ എന്റെ വിവാഹം കഴിയുന്ന ദിവസം എന്റെ സ്വതന്ത്രചിത്തം, സാമാന്യ ബുദ്ധി, ചിന്തിക്കാനുള്ള കഴിവ് എന്നിവ വീട്ടിൽ നടക്കുന്ന ഹോമത്തിൽ മണ്ണെണ്ണയൊഴിച്ചു കത്തിക്കുമെന്നും ഇനിമേൽ എന്റെ ശരീരത്തിന്റെയും മനസ്സിന്റെയും ഉടമസ്ഥാവകാശം എന്റെ ഭർത്താവിനും, ഭർത്താവിന്റെ വീട്ടുകാർക്കുമുള്ളതാനെന്നും അംഗീകരിക്കുന്നു. കല്യാണശേഷം ഭർത്താവിന്റെ വീട്ടില് മാത്രമേ നിൽക്കാവു എന്നും , എന്റെ സ്വന്തം വീട്ടിൽ പോകുന്നത് കൊടും പാതകമാണെന്നും ഞാൻ മനസ്സിലാക്കുന്നു. വിദ്യാഭ്യാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞാൻ ജോലിക്ക് പോവുകയോ ജോലിയെക്കുറിച്ച് സംസാരിക്കുകയോ ഇല്ല. വീട്ടുജോലിയും, പ്രസവവും, കുഞ്ഞുങ്ങളെ നൊക്കലുമാനു എന്റെ തൊഴിൽ എന്ന് ഞാൻ അംഗീകരിക്കുന്നു. വീട്ടിലെ തക്കാളി, മാർക്കറ്റ്ഇലെ മത്തി, സാരിയുടെ മെറ്റീരിയൽ, സീരിയലിലെ ഗതിവിഗതികൾ ഇവയെക്കുറിച്ചല്ലാതെ രാഷ്ട്രീയം, ശ്രേഷ്ട്ടസാഹിത്യം സിനിമ എന്നിവയെക്കുറിച്ചോ, കുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങളിലോ ഞാൻ അഭിപ്രായം പറയുകയില്ലെന്നും, ഇടപെടുകയില്ലെനും ഇത് വഴി ഉറപ്പു നല്കുന്നു. എന്റെ ഭർത്താവിന്റെ  ഒരടി പുറകിലെ ഞാൻ നടക്കുകയുള്ളു എന്നും, അദ്ദേഹത്തിനെതിരെ ഒന്നും പറയുകയില്ലെന്നും, അദ്ദേഹത്തിന്റെ ഏതു അഭിപ്രായത്തോടും യോജിക്കുമെന്നും, അവഹേളിക്കപെട്ടാലും അപമാനിക്കപ്പെട്ടാലും പരാതി പറയുകയില്ല എന്നും. നന്ദിയുള്ളവളായിരിക്കുമെന്നും ഞാൻ ഉറപ്പു നല്കുന്നു.

എന്റെ ഭർത്താവിന്റെ കാലടിയിലാണ് സ്വർഗം എന്ന് ഞാൻ വിശ്വസിക്കുന്നു.

എന്ന്,
ഒപ്പ്

ഈ ചർച്ചകൾക്കിടയിലെവിടെയോ വിദ്യാഭ്യാസതോടൊപ്പം ഒരല്പം വിവരവുമുള്ള ആണുങ്ങളുണ്ടായിരുന്നു. എല്ലാരും പറഞ്ഞതോർമയില്ല. എന്നാലും കണ്നുടക്കിയ ഒരു കമന്റ്‌ താഴെ ചേർക്കുന്നു

” ഇക്കാലത്തും ഈ വർത്തമാനം പറയുന്നത് കഷ്ടം. രണ്ടു പേരും ജോലി ചെയ്താൽ ജീവിക്കാം. അല്ലാതെ വീട്ടിൽ മേശക്കപ്പുറവും ഇപ്പുറവും ഇരുന്നു മുഖത്ത് നോക്കിയിരുന്നാൽ ചിലവു നടക്കില്ല. “

പഴഞ്ചൻ ചിന്തകൾ മാറ്റണമെന്നും, പെണ്ണുങ്ങൾ ആരുടേയും അടിമകളോ തറവാട് സ്വത്തോ അല്ലന്നും, നിന്റെ പെങ്ങമ്മാരെയും പഠിക്കാൻ വിടുന്നില്ലേഡാ എന്നുമൊക്കെ വിദ്യാഭ്യാസം കുറഞ്ഞതും കൂടിയതുമായ വിവരമുള്ള ആണുങ്ങൾ പറഞ്ഞു. ഇവനൊന്നും ആണല്ല എന്നും നട്ടെല്ലില്ലാത്ത പെങ്കോന്തന്മാരാനെന്നുമാണ് നിശ്ചയ പത്രം എഴുതിയുണ്ടാക്കിയ സഹോദരന്മാരുടെയും,പിന്നെ പെണ്ണ് തന്നെയാണോ എന്നെനിക്കു സംശയിക്കേണ്ടി വന്ന ചില സഹോദരിമാരുടെയും നിഗമനം.

പ്രിയ സഹോദരാ,

വിവാഹം കഴിക്കുക എന്നതല്ല പെണ്‍കുട്ടികളുടെ ജീവിതാഭിലാഷം. എന്റെ ചിന്ത, സ്വപ്നം, അഭിപ്രായം, കുടുംബം  ഇതെല്ലാം എന്റെ വ്യക്തിത്വത്തിന്റെ ഭാഗങ്ങളാണ്. ആത്മാഭിമാനമുള്ള ഒരു പെണ്ണും സ്വന്തം വ്യക്തിത്വം, വിവാഹ കംബോളത്തിൽ വില്പനയ്ക്ക് വയ്ക്കാൻ താത്പര്യപെടുന്നില്ല. വയ്ക്കുകയുമില്ല. ഇത് തന്റേടമായി പറഞ്ഞുവല്ലോ. അഹങ്കാരമെന്നും വിളിച്ചു. ഒന്ന് പറഞ്ഞോട്ടെ, കൂടെ കൂട്ടുന്ന പെണ്ണിന് തന്റേടമുന്ടെങ്കിൽ അത് ജീവിതത്തിൽ ഒരു മുതൽക്കൂട്ടാവും. ജീവിതത്തിന്റെ പോർക്കളത്തിൽ ഒറ്റയ്ക്ക് പോരാടേണ്ടി വരില്ല. അതോർത്താൽ സഹോദരന് നല്ലത്.

എന്ന് ഒരു തന്റേടി സഹോദരി

Advertisements